Labels

Thursday, December 23, 2010

ഗാനം 4

ഈ നോവിൽ തീരാത്ത നോവിൽ
കൂട്ടായെനിക്കിന്നെൻ നിഴലേ നീ മാത്രം
നിഴലേ നീ മാത്രം
ഈ രാവിൽ ഏകാന്തരാവിൽ
പിരിയതെ നിൽ‌പതെന്നഴലേ നീ മാത്രം
അഴലേ നീ മാത്രം
                    (ഈ നോവിൽ)
വിടപറയുന്നേരം കരുതിയ വാക്കുകൾ
വിങ്ങുന്ന കണ്0ത്തിൽ മരിച്ചുവീണു
കരകാണാക്കായലിൽ കളിവഞ്ചിപോൽ
അലയുന്നിതേതൊരു കരയണയാൻ ഞാ-
നലയുന്നിതേതൊരു കരയണയാൻ
                    (ഈ നോവിൽ)
മൃദുകരസ്പർശത്താൽ സാന്ത്വനമേകുവാ-
നാവാതെ നീയെന്തേ തരിച്ചു നിന്നു
വിരഹത്തിന്നാഴിയിൽ നീർപ്പോളപോൽ
അലയുന്നിതേതൊരു കരയണയാൻ ഞാ-
നലയുന്നിതേതൊരു കരയണയാൻ
         (ഈ നോവിൽ)

ഗാനം 3

ഒരുമയുടെ ഗീതം ഇനിയൊത്തു പാടാം
സ്മരണകളിലൂറും മധുരം പകുക്കാം
അറിവിന്റെ മുത്തുകൾ വാരിക്കൊരുക്കാം
കളിചിരിയിലൊരു പുതിയ ലോകം പടുക്കാം
                           (ഒരുമയുടെ ഗീതം)
പുഴകളെയറിയാം തെളിനീരു കാക്കാം
പറവയായ് ചിറകുകൾ ചേർത്തു പറക്കാം
ഇളവെയിൽ നാളമായ് ഉണരാം ജ്വലിക്കാം
വളരാം നമുക്കൊരേ മതമായ് മനസ്സായ്
                           (ഒരുമയുടെ ഗീതം)
അതിരുകൾ പകുക്കാത്ത വിശ്വം ചമയ്ക്കാം
അണിചേർന്നു വരു നമുക്കാകാശമാവാം
വാക്കുകളിലുണ്മയും നന്മയും ചേർക്കാം
ഒരു പുതിയ നാളെയുടെ തുടിതാളമാവാം
                           (ഒരുമയുടെ ഗീതം)

ഗാനം 2



നീലക്കടമ്പിന്റെ പൂക്കളാലൊരുക്കിയ 
മാലയുമായ് കണ്ണാ കാത്തിരുന്നു
അമ്പാടി മുറ്റത്തെ ചെമ്പകപ്പൂങ്കാറ്റിൽ
കായാമ്പൂവർണനെ ഓർത്തിരുന്നു
                           (നീലക്കടമ്പിന്റെ)
ഗോപികമാരെല്ലാമുറങ്ങി
യമുനയിലോളങ്ങളടങ്ങി
നിന്റെ മോഹന ശ്യാമസ്വരൂപത്തെ
നെഞ്ഞേറ്റി ഞാൻ മാത്രം ഉറങ്ങിയില്ല -നിന്റെ
രാധിക മാത്രമിന്നുരങ്ങിയില്ല
                          (നീലക്കടമ്പിന്റെ)
നീരദപാളികളിലൊതുങ്ങി
താരകപ്പെണ്മണിമാർ മയങ്ങി
നിന്റെ മായാമുരളീഗാനത്തെ 
ഉൾക്കാതിനാൽ കേട്ടു പൂത്തു നിന്നു നിന്റെ 
ആരാധിക ഞാൻ പൂത്തു നിന്നു
                         (നീലക്കടമ്പിന്റെ)

ഗാനം 1


അന്നു നീ തന്ന മയിൽപീലിത്തുണ്ടെന്റെ
പുസ്തകത്താളിലൊളിച്ചുവെച്ചു  - ആരും
കാണാതെന്നാത്മാവിൽ ചേർത്തുവച്ചു
അംബരം കാണാതിരുന്നാലതു പെറ്റു
പെരുകുമെന്നത്രേ നിനച്ചു - വെറുതെ  ഞാൻ
നെഞ്ചിലെ ചൂടു പകർന്നു
                          (അന്നു നീ-----------)
കാലം അടവെച്ചുണർത്തിയെടുത്തൊരെൻ
ആരോമൽ സ്വപ്നങ്ങളേ
എൻ കിനാവള്ളിയിൽ പൂത്തുലഞ്ഞാടിയ
വെള്ള മന്ദാരങ്ങളേ...
ഒരു മഴത്തുമ്പിതന്നായുസ്സുമായ് പിറ-
ന്നിടനെഞ്ചിലിടറി വീണു നിങ്ങളെൻ
ആത്മാവിൽ പിടഞ്ഞു വീണു
                        (അന്നു നീ-------------)
ഒരു നിശാഗന്ധിതൻ സൌരഭ്യമായെന്നിൽ
നിറയുന്ന വാസന്തമേ
നറുനിലാവായെന്നെയെന്നും തലോടുന്ന
പൌർണമിപ്പൊൻ തിങ്കളേ
ഒരു വേനൽമഴ മാത്രമായെന്നിലെന്തിനു
തോരാതെ തോരാതെ പെയ്തു - ഒരു വേള
മാത്രമായെന്തിനു പെയ്തു
                          (അന്നു നീ--------------)