Labels

Thursday, December 23, 2010

ഗാനം 1


അന്നു നീ തന്ന മയിൽപീലിത്തുണ്ടെന്റെ
പുസ്തകത്താളിലൊളിച്ചുവെച്ചു  - ആരും
കാണാതെന്നാത്മാവിൽ ചേർത്തുവച്ചു
അംബരം കാണാതിരുന്നാലതു പെറ്റു
പെരുകുമെന്നത്രേ നിനച്ചു - വെറുതെ  ഞാൻ
നെഞ്ചിലെ ചൂടു പകർന്നു
                          (അന്നു നീ-----------)
കാലം അടവെച്ചുണർത്തിയെടുത്തൊരെൻ
ആരോമൽ സ്വപ്നങ്ങളേ
എൻ കിനാവള്ളിയിൽ പൂത്തുലഞ്ഞാടിയ
വെള്ള മന്ദാരങ്ങളേ...
ഒരു മഴത്തുമ്പിതന്നായുസ്സുമായ് പിറ-
ന്നിടനെഞ്ചിലിടറി വീണു നിങ്ങളെൻ
ആത്മാവിൽ പിടഞ്ഞു വീണു
                        (അന്നു നീ-------------)
ഒരു നിശാഗന്ധിതൻ സൌരഭ്യമായെന്നിൽ
നിറയുന്ന വാസന്തമേ
നറുനിലാവായെന്നെയെന്നും തലോടുന്ന
പൌർണമിപ്പൊൻ തിങ്കളേ
ഒരു വേനൽമഴ മാത്രമായെന്നിലെന്തിനു
തോരാതെ തോരാതെ പെയ്തു - ഒരു വേള
മാത്രമായെന്തിനു പെയ്തു
                          (അന്നു നീ--------------)

No comments:

Post a Comment